പ്രണയ കാലങ്ങൾ

പ്രണയത്തിനായൊരു ദിവസം നമുക്കിന്ന്
പ്രണയിക്കുവാനെന്ത് ബാക്കിയാവുന്നത്?
പ്രണയിച്ചിരുന്നുനാം കാവിനെ, പൂവിനെ
കുഞ്ഞിളംചുണ്ടിൽ വിടരും സ്മിതത്തിനെ.
പ്രണയിച്ചിരുന്നു നാം കസവിന്റെ നേർമ്മയാൽ
മേനിയഴകു മറച്ച പെൺപൂവിനെ.
പ്രണയിച്ചിരുന്നു നാം വാക്കിന്റെ ജ്വാലയാൽ
അരമനയെരിച്ച കറുത്ത കരുത്തിനെ.
പ്രണയിച്ചിരുന്നു നാം അന്തിയിലമ്പല-
മുറ്റത്തുയരുന്ന കർപ്പൂരധൂമത്തെ.
പ്രണയിച്ചിരുന്നു നാം കനവിൽ വന്നരുമയായ്
തൊങ്ങലുതൂക്കിത്തരുന്ന മാലാഖയെ.
പ്രണയിച്ചിരുന്നു നാം “സുഖിനോഭവന്തു”
പറഞ്ഞു പതിഞ്ഞു പൊലിഞ്ഞ കാലത്തിനെ.
പ്രണയിച്ചിരുന്നു നാം അരണി കടഞ്ഞെഴു-
മഗ്നിയാൽ ലോകം പടുത്ത കരങ്ങളെ.
പ്രണയിച്ചിരുന്നു നാം അപ്പുറത്തുള്ളോർക്കു
നന്മവരാനായ് തപംചെയ്ത മേധയെ.
പ്രണയത്തിനായൊരു ദിവസം നമുക്കിന്ന്
പ്രണയിക്കുവാനെന്ത് ബാക്കിയാവുന്നത്?
നാം പ്രണയിക്കുന്നു പൂമുഖപ്പെട്ടിയിൽ
സർവ്വം തകർത്തഴിഞ്ഞാടും മനസ്സിനെ.
നാം പ്രണയിക്കുന്നു ആസുരതാളത്തിൽ
തിരനോക്കിയെത്തും പ്രണയദിനങ്ങളെ.
നാം പ്രണയിക്കുന്നു സുരപാനസക്തിയാൽ
നീൾവരിയുലൂഴം തിരയുമാത്മാക്കളെ.
നാം പ്രണയിക്കുന്നു നാണ്യക്കിലുക്കത്തിൽ
നാടിനെ വെല്ലാൻ മുതിരും കരങ്ങളെ.
പ്രണയത്തിനായൊരു ദിവസം നമുക്കിന്ന്
പ്രണയിക്കുവാനെന്ത് ബാക്കിയാവുന്നത്?
നാം പ്രണയിക്കുക
ചത്തപെണ്ണിന്റെ മുലചപ്പി, ഇറ്റുന്ന
പാല്മണം മൊത്തുവാൻ വെമ്പുന്ന പൈതലെ.
നാം പ്രണയിക്കുക
ഒരുപടക്കത്തിന്റെയൊച്ചയിൽ പതറുന്ന
തായ്ക്കുലമാകെ മുട്ഞ്ഞ ബാല്യത്തിനെ.
നാം പ്രണയിക്കുക നഞ്ചുതിരിയാതെ
പാതിയിൽ ച്ചിതറും വ്യഥിത കൌമാരത്തെ
നാം പ്രണയിക്കുക കുറുക്കന്റെ വാക്കുകളിൽ
തങ്ങളിൽ മുട്ടി മരിക്കും യുവാക്കളെ.
നാം പ്രണയിക്കുക, ശരണാലയത്തിന്റെ-
മുറ്റത്തുകാണും വിളർത്ത തൃസന്ധ്യയെ.
നാം പ്രണയിക്കുക, കൂരിരുൾ ഭിത്തി-
തുരന്നു വരുന്ന വെളിച്ചക്കുരുന്നിനെ.
പ്രണയത്തിനായൊരു ദിവസം നമുക്കിന്ന്
പ്രണയിക്കുവാനെന്ത് ബാക്കിയാവുന്നത്?

3 comments:

  1. പഴയ കാല അനശ്വര പ്രണയത്തിന്റെ സങ്കല്‍പ്പത്തില്‍ നിന്നും ആധുനികതയിലെക്കുള്ള ചുവടു മാറ്റം, കാവിനെയും, കര്‍പ്പൂര ധൂമം, ഇതെല്ലം ഇന്നി കാണുമോ..
    അഭിനന്ദനം

    ReplyDelete
  2. ഒരു മുല്ലപ്പൂ തിരഞ്ഞപ്പൊഴാണ് താങ്കളുടെ കവിതയിൽ എത്തിയത്...കവിതയ്ക്ക് മുല്ലയെക്കാളും സുഗന്ധം

    ReplyDelete

എന്താ നിങ്ങളുടെ അഭിപ്രായം?