‘അറ്റ് ദ റേറ്റ്’ ഐഡിയായ് വന്നെന്റെ ‘ചാറ്റ് ബോക്സിലെ-
ന്തൊക്കെയോ ചാറ്റി ഓഫ് ലൈനിലായി നീ
തൊട്ടുള്ള ടവറിന്റെ പരിധിക്കുമപ്പുറ-
ത്താണു നീയെന്നെന്റെ സെൽ ഫോൺ പറയുന്നു.
നേരിട്ടു കാണുവാൻ നേരമില്ല!
തങ്ങളിൽ കൈമാറുവാൻ പൂക്കളില്ല!
എങ്കിലുമെന്റെ മനസ്സിൽ നീ കോറിയ
‘പ്രൊഫലി‘നിന്നും വെളുത്ത പൂവിൻ വിശുദ്ധി!
ഇഷ്ടങ്ങളേതെന്ന ചോദ്യത്തിനുത്തര-
മെഴുതേണ്ട കള്ളിയിൽ ചോദ്യാടയാളങ്ങൾ!
ഫോർവേഡു ചെയ്ത ഇമേജിലെ പൂവിന്റെ
ചോപ്പിൽ നിൻ ഹൃദയം തിരഞ്ഞു മടുത്തു ഞാൻ.
അർത്ഥ രഹിത ശിഥില പദാവലി
ചേർത്തു വച്ചർത്ഥം ചമയ്ക്കാൻ ശ്രമിപ്പുനീ.
ആരേ പ്രണയിപ്പതാരെ? എന്നൊരു ചോദ്യ-
മാരോ പ്രണയദിനത്തിന് ടൈറ്റിലായ് ചേർക്കുന്നു.
പ്രണയ വിപണിയാണെങ്ങും  പരസ്യങ്ങൾ!
അവൾക്കെന്തു നൽകും നീ? വജ്രമോ സ്വർണ്ണമോ!
നിനക്കെന്റെ പ്രണയ സമ്മാനം………..
ഹുസുനുൽ ജമാലിന് കാന്തനന്നേകിയ
സ്വർലോക നിർമ്മിതമായ മൈലാഞ്ചി.
ഓമർ ഖയാമിന്റെ വാക്കിൽ നിന്നിറ്റുന്ന
ഈന്തപ്പഴത്തിന്റെ മാധുര്യ ലഹരി.
ഉത്തമ ഗീതത്തിലെ സുന്ദര ശീലുകൾ.
ഇടയന്റെ പുല്ലാങ്കുഴലിന്റെ രാഗം.
നമ്മൾക്ക് മാത്രമായ് മൊത്തിക്കുടിക്കുവാൻ
ഉത്കണ്ഠയില്ലാതെ അഞ്ചാറു നിമിഷങ്ങൾ.
എല്ലാം മറന്നൊരു പുഞ്ചിരി!
ഒരു സ്പർശം……!
അത്രയെങ്കിലും വേണം………!
‘യെന്തിര‘രല്ലല്ലോ നാം!!!!!!!!!!!