അഭയയുടെ ഭയം മാറുന്നു.

അഭയ ആദ്യം സ്കൂളിൽ വന്നപ്പോൾതന്നെ ഞങ്ങൾ വിഷമത്തിലായി. “ഈ സർക്കാരിന്റെ കാര്യമേ!!!!! സംയോജിത വിദ്യാഭ്യാസംപോലും. നേർബുദ്ധിയുള്ളതിനെപ്പോലും ഇവിടെ ശരിയാക്കാൻ പറ്റുന്നില്ല. പിന്നെയല്ലേ അവികസിത ബുദ്ധിയായ ഈ കുട്ടിയെ. ഞങ്ങളുടെ തലവിധി!!!!“

അഭയ.
ഭയന്ന് ഒരു മൂലയിലിരിക്കും!!!
ഇടക്കിടയ്ക്ക് ആരോടും അനുവാദം ചോദിക്കാതെ സ്കൂൾ പറമ്പിലേയ്ക്ക് നടക്കും.

ഞങ്ങൾ പിന്നാലെയെത്തി തിരിച്ച് ക്ലാസ്സിലേയ്ക്ക് വലിച്ചുകൊണ്ടുവരും.

എന്നും ഉച്ചയാകുമ്പോൾ അഭയയുടെ അമ്മ സ്കൂളിലെത്തും.
മകൾക്ക് കഞ്ഞി വാരിക്കൊടുക്കും.

എല്ലാകുട്ടികളും മികവിലേയ്ക്ക്!!!!!!!!!!
സംയോജിത വിദ്യാഭ്യാസം വ്യക്തിയുടെടെ അവകാശം!!!!!!!!!
ഒറ്റപ്പെടലാണ് ഏറ്റവും വലിയ വേദന!!!!!!!!!
ഒറ്റപ്പെടുത്തലാണ് ഏറ്റവും വലിയ പാപം!!!!!!!!!
ഞങ്ങൾ ശ്രമിയ്ക്കാൻ തന്നെ തീരുമാനിച്ചു.

അഭയയെ നിരീക്ഷിക്കാൻ തുടങ്ങി.
അവൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല.
ഭാഷണവൈകല്യമല്ല. പദസമ്പത്തില്ല.

അഭയയോട് കൂടുതൽ സംസാരിക്കണം.
ഞങ്ങൾ ഊഴമിട്ട് അവളോട് സംസാരിയ്ക്കാൻ തുടങ്ങി.
അമ്മയെക്കുറിച്ച്, വീട്ടിനെക്കുറിച്ച്, കിളിയെക്കുറിച്ച്, ചേട്ടനെക്കുറിച്ച്, പൂച്ചയെക്കുറിച്ച്
അങ്ങനെ നൂറ് കാര്യങ്ങൾ.

അത്ഭുതം.!!!!!!!!
അഭയ ഒരു കിലുക്കാമ്പെട്ടിയായി മാറി.
അവൾക്കിപ്പോൾ ഞങ്ങളോട് ആയിരം കാര്യങ്ങൾ പറയാനുണ്ട്.
സ്ക്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്, മരത്തെക്കുറിച്ച്, കുഞ്ഞിനെക്കുറിച്ച്
അങ്ങനെയങ്ങനെ ഏറെ!!!!!!!!!!
അവളിപ്പോൾ ഞങ്ങളുടെ പിറകിൽനിന്ന് മാറില്ല.
ചിലപ്പോഴൊക്കെ ഒരു ശല്യമായി തോന്നാറുണ്ട് എങ്കിലും
ഞങ്ങൾക്ക് ഇപ്പോൾ അത് ആസ്വദിക്കാനാവുന്നു.

അഭയയുടെ ലോകം കൂടുതൽ വലുതായിരിക്കുന്നു.
ബി. ആർ. സി യിലെ സുനിജ ടീച്ചർ വല്ലപ്പോഴും വരുന്നത് ഞങ്ങൾക്ക് ഒരാവേശമാണ്.
അഭയയെ സമീപിക്കുവാനുള്ള പുത്തൻ തന്ത്രങ്ങളുമായാണ് ടീച്ചർ എപ്പോഴുമെത്തുക.

ക്ലാസ്സ് മുറിയിൽ തൂക്കിയിട്ടിരുന്ന പുസ്തകസഞ്ചി കഴിഞ്ഞ ദിവസം അവൾക്ക് തൊട്ടിലായി. അതിനുള്ളിലെ പുസ്തകം കുഞ്ഞുവാവയും.
അമ്മ കുഞ്ഞിന് പാലുകൊടുത്ത്, തൊട്ടിലിൽകിടത്തിയുറക്കി, വീട്ടുപണികൾ ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ഉണർന്ന് കരഞ്ഞു. അമ്മ അസ്വസ്ഥയായെങ്കിലും വീട്ടുപണികൾക്കിടയിൽ ഓടിയെത്തി കുഞ്ഞിനെ ആശ്വസിപ്പിച്ചു.

ഞങ്ങൾ ഈ കാഴ്ചയെ എന്തു പേരിട്ടു വിളിക്കും.
വിവരണം?
നാടകീകരണം?
അഭിനയം?
സംഭാഷണം തയ്യാറാക്കൽ?
കഥാരചന?
മൈന്റ് മാപ്പിംഗ്?

എന്തായാലും ഞങ്ങളുടെ അഭയ വളരുകയാണ്. ശരീരംകൊണ്ടല്ല. മനസ്സുകൊണ്ട്!

മണ്ണിരയുടെ രക്തം(ചൈനീസ് കവി നിയു ഹാൻ എഴുതിയ ഒരു കവിതയുടെ സ്വതന്ത്ര പുനരാവിഷ്കാരം)

ഞാൻ വിശ്വസിച്ചിരുന്നു,
മണ്ണിരയുടെ രക്തത്തിന്
മണ്ണിന്റെ നിറമാണെന്ന്.

ഇന്നെനിക്കറിയാം
മണ്ണിരയുടെ രക്തത്തിന്
ചുവപ്പു നിറം തന്നെയാണ്

രണ്ടുതുള്ളി ചുവപ്പു രക്തം!

പക്ഷെ,
വിത്തുകൾ മുളയ്ക്കാൻ,
മണ്ണ് പരുവപ്പെടാൻ
ജീവിതം മുഴുവൻ, അത്
മണ്ണിൽ
നിശ്ശബ്ദമായി അദ്ധ്വാനിക്കുന്നു.

എനിയ്ക്ക് ആറടി പൊക്കമുണ്ട്‌
എന്റെ ശരീരത്തിൽ
പതിനായിരക്കണക്കിന്
ചോരത്തുള്ളികളുണ്ടാവും.

അതെടുത്തുമാറ്റി
എനിയ്ക്ക്
നാലുതുള്ളി
മണ്ണിരച്ചോര തരുമോ?

ഒരു ബുദ്ധസന്യാസി, വയലിൽ വിത്തിറക്കുന്ന ഒരു കർഷകനെ കണ്ടു.
“താങ്കളെന്തു ചെയ്യുകയാണ്?”
“ഞാൻ വിത്തു വിതക്കുകയാണ്.”
“വിത്തു വിതച്ചിട്ടെന്തു ചെയ്യും?”
“വിത്തു മുളയ്ക്കുന്നതു മുതൽ കൊയ്യുന്നതുവരെ വിത്തും മണ്ണും ശ്രദ്ധാപൂർവ്വം പരിചരിക്കും.”
“വിള കൊയ്തിട്ടോ?”
വീണ്ടും വിത്ത് ശേഖരിക്കും.”
“എന്നിട്ടോ?”
“വീണ്ടും മണ്ണ് ഒരുക്കി വിത്ത് വിതക്കും.”
“അപ്പോൾ ഭക്ഷണത്തിനു വേണ്ടിയല്ലേ കrഷിയിറക്കുന്നത്?”
“അല്ല. മണ്ണിൽ വീണ്ടും വീണ്ടും വിത്തിറക്കുക എന്നതാണ് പ്രധാനം. ഭക്ഷണം പിന്നീടേ വരുന്നുള്ളു.”

ലോകരക്ഷകൻ ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ ജനിച്ചു.
പട്ടണത്തിന്റെ പേര്‌ നമുക്ക് തത്കാലം വിടാം.
എന്തേ, ലോകരക്ഷകൻ കാലിത്തൊഴുത്തിൽ ജനിക്കാൻ?

കൃഷിയും കാലിവളർത്തലും കാലയാപനത്തിനുള്ള മാർഗ്ഗങ്ങളായി കണ്ടിരുന്ന ഒരു ജനതയ്ക്ക് തങ്ങളുടെ ജീവിതവൃത്തിയിൽ ഏറ്റവും പ്രധാനപ്പെട്ടവയായിരുന്നു വളർത്തൃമഗങ്ങൾ. അവയെ വളർത്തുന്നത്തിനുള്ള സ്ഥലം അവർക്ക് പ്രധാനപ്പെട്ടതും. വൃത്തിയാക്കുംതോറും തങ്ങളുടെ വിസർജ്ജ്യങ്ങൾ കൊണ്ട് ഈ ൃമഗങ്ങൾ തങ്ങളുടെ തൊഴുത്ത് മലിനമാക്കിക്കൊണ്ടേയിരുന്നു. വീണ്ടും വീണ്ടും തൊഴുത്ത് വൃത്തിയാക്കുക എന്ന ശ്രമകരമായ ആ ജനത ചെയ്തുവന്നു.

നാനാതരത്തിലുള്ള ൃമഗീയവാസനകളുടേയും തൊഴുത്താണ്‌ മനസ്സ്. ഈ വാസനകൾ മനസ്സിനെ മലിനപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഇത് വൃത്തിയാക്കാൻ വലിയ ശ്രമം ആവശ്യമാണ്‌. ‘ആ ശ്രമ’ത്തിലായിരിക്കണം നമ്മുടെ ജീവിതം.

ദയ, സ്നേഹം, സഹനം, ത്യാഗം എന്നീ ഗുണങ്ങൾക്ക് പര്യായമാണ്‌ ക്രിസ്തു. ഈ നാലു ഗുണങ്ങളും എവിടെ ഉരുവാകുന്നുവോ, അവിടം നിത്യരക്ഷയുടേയും സമാധാനത്തിന്റേയും സ്ഥാനമായി വിലസ്സഇതു സൂചിപ്പിക്കുന്നു കാലിത്തൊഴുത്തിലെ തിരുപ്പിറവി.

എങ്കിൽ മനസ്സിൽ ഈ നാലു ഗുണങ്ങളുടേയും തിരുപ്പിറവി സംഭവിച്ചവന്‌ മാത്രമല്ലേ ക്രിസ്തുമസ്സ് ആഘോഷിക്കുവാൻ അർഹത?

ലോകജനത മുഴുവൻ ക്രിസ്തുമസ്സ് ആഘോഷിക്കുവാൻ അർഹരായിത്തിർന്നാൽ നിത്യമായ ലോകരക്ഷ സാധ്യമാകും എന്നതിന്‌ സംശയമില്ല.

ക്രിസ്തുവിന്റെ ജനനം കാലത്തിനെ രണ്ടായി പകുത്തു. വെറുക്കപ്പെട്ട ജനതയ്ക്കുമേൽ ദൈവം ശാപത്തിന്റെ അഗ്നിയിറക്കുന്ന മുൻ കാലവും, പാപിക്കുവേണ്ടി ദൈവപുത്രൻ സ്വയം യാഗമായി മാറുന്ന സ്നേഹത്തിന്റെ പുതിയ കാലവും.

നമ്മുടെ മനസ്സുകളിൽ ദുരിതങ്ങളുടെ കഴിഞ്ഞ കാണ്ഡങ്ങൾ തീർത്തൊഴിച്ച് സമാധാനത്തിന്റെ പുതിയ കാലം ഉണർത്തട്ടെ ക്രിസ്തുമസ്സ്!
നിങ്ങൾക്കും അങ്ങനെയാകട്ടെ എന്ന ആത്മാർത്ഥമായ ആഗ്രഹമാണ്‌ ക്രിസ്തുമസ്സ് ആശംസ. എനിയ്ക്ക് അത് സാധിച്ചു എന്ന പ്രഖ്യാപനവും.
ഉള്ളതല്ലേ കൊടുക്കാൻ കഴിയൂ.

കുറിച്യരുടെ ദൈവമാണ് മലങ്കാരി.
മലങ്കാരിക്ക് ദേവലോകം മടുത്തു.
ഭൂമിയിലേക്കിറങ്ങണം.
സ്വർഗ്ഗാധിപനായ ദൈവത്തോട് അനുവാദം വാങ്ങി തന്റെ പതിന്നാലു ചക്രങ്ങളുള്ള തേരോടിച്ച് കീഴുലകത്തിലേക്ക് വന്നു.
പക്ഷേ, മലങ്കാരിക്ക് ഭൂമിയിലിറങ്ങാൻ പറ്റിയില്ല.
സർവത്ര വെള്ളം!
അല്പം മണ്ണുകണ്ടാലല്ലേ തേരിറക്കാൻ പറ്റൂ, മലങ്കാരി തിരിച്ചുപോയി,
“അല്ല, മലങ്കാരീ! ഭൂമിയിലേയ്ക്ക് പോയിട്ട് എന്തേ ഇത്ര വേഗം തിരിച്ചുവന്നു?”
“അവിടെ വെള്ളമല്ലാതെ മറ്റൊന്നുമില്ല തമ്പുരാനേ!
കുന്നുകളില്ല
പർവ്വതങ്ങളില്ല
താഴ് വരകളില്ല
ഒരുതരി മണ്ണുപോലുമില്ല.
പിന്നെവിടെ ഞാൻ തേരിറക്കും”
ദൈവം മലങ്കാരിയോട് ഒറ്റക്കാലിൽ നിൽക്കാൻ പരഞ്ഞു.
രണ്ടു കൈകളും തുറന്നു പിടിക്കാൻ പറഞ്ഞു.
തന്റെ കയ്യിലെ സ്വർണ്ണ നൂലിലൂടെ ദൈവം സ്വർണ്ണനിറമുള്ള പൊടി മലങ്കാരിയുടെ കയ്യിൽ വിതറിക്കൊടുത്തു.
അതിൽ കുറച്ചെടുത്ത് ഭൂമിയിലെ ജലത്തിലിട്ട് ഇളക്കാൻ പറഞ്ഞു.
ജലത്തിൽ പൊൻപൊടിയലിഞ്ഞു. മണ്ണുണ്ടായി.
കുന്നും പർവ്വതങ്ങളും ഉയർന്നുവന്നു.
നദികളും താഴ് വരകളുമുണ്ടായി.

(മണ്ണില്ലാത്ത, ജീവനില്ലാത്ത ഒരു വിദൂര ഭൂതകാലത്തെക്കുറിച്ച് ഇത്തരം കഥകൾ, പാട്ടുകൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. ഒരു ജനതയുടെ ലോകവീക്ഷണം വ്യക്തമാക്കുന്നു ഇവ. ഒപ്പം മണ്ണും ജലവും കുന്നും നദികളുമില്ലാത്ത വിരസമായ ഭൂമിയിൽ ജീവൻ സാധ്യമല്ലെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു.)

പൂക്കാലം


കുട്ടി കണ്ണ്ചിമ്മി എഴുന്നേറ്റു. മുറ്റത്തിറങ്ങി.....ഹായ്! എന്തെല്ലാം തരം പൂക്കൾ...... മഞ്ഞ, ചുവപ്പ്, ഓറഞ്ച്.... പൂമ്പാറ്റകൾ...... പുള്ളിയുടുപ്പിട്ട, മഞ്ഞച്ചേലയണിഞ്ഞവ...... പാറി നടക്കുന്നു. കുറെ പൂക്കൾ പറിച്ചെടുത്താലോ. പാവാടത്തുമ്പ് മടക്കി കുട്ടി പൂക്കളിറുക്കാൻ തുടങ്ങി. പൂക്കൾക്കിടയിൽ മറ്റൊരു പൂവ് പോലെ കുട്ടി നിന്നു. ഹോ..... ഈ കാറ്റ്! എന്റെ പൂക്കളെല്ലാം താഴെ വീണല്ലോ..... അവൾ തിടുക്കത്തിൽ അവ പെറുക്കിയെടുത്തു.
ചന്നം പിന്നം പെയ്യുന്ന മഴയെ കുട്ടി ഉമ്മറത്തിണ്ണയിലിരുന്ന് നോക്കി. വീട്ടിന്റെ ഓരത്തുകൂടി ഒഴുകുന്ന വെള്ളച്ചാലിലേക്ക് കുട്ടി താനുണ്ടാക്കിയ കളിവള്ളം ഇട്ടു. വള്ളത്തിൽ നിറയെ പൂക്കൾ. ഒരു പൂക്കാലം ഒഴുകിപ്പോകുന്നത് കുട്ടി കuതുകത്തോടെ, എന്നാൽ തെല്ല് വേദനയോടെ നോക്കിനിന്നു.

ഡിസംബർ വായന - 1

മനുഷ്യപുത്രൻ              

                                                                                                     
നോവൽ                                                                                                    
കെ. സി. വർഗ്ഗീസ്

 “നസ്രേത്തുകാരൻ തച്ചൻ ജോസഫിന്റെ മകൻ
എന്നു വിളിക്കപ്പെടുന്ന ഈ മനുഷ്യൻ
യഹൂദസമുദായത്തിൽ കലാപങ്ങളുണ്ടാക്കുന്ന
ആശയങ്ങൾ പ്രചരിപ്പിക്കുന്നു.
സർവ്വോപരി
ഇവന്റെ പ്രസംഗങ്ങൾ
യഹൂദമതത്തിന്റെ ന്യായപ്രമാണങ്ങൾക്കും
 റോമാസാമ്രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും
ഒരു ഭീഷണിയാണ്‌....


യേശുവിന്റെ മരണം
 ഒരു ആസൂത്രിത കൊലപാതകമായിരുന്നുവെന്നും
ഈ കുറ്റകൃത്യത്തിൽ
പ്രത്യക്ഷമായും പരോക്ഷമായും പങ്കുവഹിച്ച
പ്രതിലോമ- ശക്തികൾ
ഇന്നും നമ്മുടെയിടയിൽ 
സജീവമായി വ്യവഹരിക്കുന്നുവെന്നുമുള്ള യാഥാർത്ഥ്യത്തിലേയ്ക്ക്
ശ്രദ്ധക്ഷണിക്കുകയാണീ നോവൽ.


പ്രസിദ്ധീകരണം: ചിന്ത പബ്ലിഷേഴ്സ്
വില: 85 രൂപ

പ്രണയ കാലങ്ങൾ

പ്രണയത്തിനായൊരു ദിവസം നമുക്കിന്ന്
പ്രണയിക്കുവാനെന്ത് ബാക്കിയാവുന്നത്?
പ്രണയിച്ചിരുന്നുനാം കാവിനെ, പൂവിനെ
കുഞ്ഞിളംചുണ്ടിൽ വിടരും സ്മിതത്തിനെ.
പ്രണയിച്ചിരുന്നു നാം കസവിന്റെ നേർമ്മയാൽ
മേനിയഴകു മറച്ച പെൺപൂവിനെ.
പ്രണയിച്ചിരുന്നു നാം വാക്കിന്റെ ജ്വാലയാൽ
അരമനയെരിച്ച കറുത്ത കരുത്തിനെ.
പ്രണയിച്ചിരുന്നു നാം അന്തിയിലമ്പല-
മുറ്റത്തുയരുന്ന കർപ്പൂരധൂമത്തെ.
പ്രണയിച്ചിരുന്നു നാം കനവിൽ വന്നരുമയായ്
തൊങ്ങലുതൂക്കിത്തരുന്ന മാലാഖയെ.
പ്രണയിച്ചിരുന്നു നാം “സുഖിനോഭവന്തു”
പറഞ്ഞു പതിഞ്ഞു പൊലിഞ്ഞ കാലത്തിനെ.
പ്രണയിച്ചിരുന്നു നാം അരണി കടഞ്ഞെഴു-
മഗ്നിയാൽ ലോകം പടുത്ത കരങ്ങളെ.
പ്രണയിച്ചിരുന്നു നാം അപ്പുറത്തുള്ളോർക്കു
നന്മവരാനായ് തപംചെയ്ത മേധയെ.
പ്രണയത്തിനായൊരു ദിവസം നമുക്കിന്ന്
പ്രണയിക്കുവാനെന്ത് ബാക്കിയാവുന്നത്?
നാം പ്രണയിക്കുന്നു പൂമുഖപ്പെട്ടിയിൽ
സർവ്വം തകർത്തഴിഞ്ഞാടും മനസ്സിനെ.
നാം പ്രണയിക്കുന്നു ആസുരതാളത്തിൽ
തിരനോക്കിയെത്തും പ്രണയദിനങ്ങളെ.
നാം പ്രണയിക്കുന്നു സുരപാനസക്തിയാൽ
നീൾവരിയുലൂഴം തിരയുമാത്മാക്കളെ.
നാം പ്രണയിക്കുന്നു നാണ്യക്കിലുക്കത്തിൽ
നാടിനെ വെല്ലാൻ മുതിരും കരങ്ങളെ.
പ്രണയത്തിനായൊരു ദിവസം നമുക്കിന്ന്
പ്രണയിക്കുവാനെന്ത് ബാക്കിയാവുന്നത്?
നാം പ്രണയിക്കുക
ചത്തപെണ്ണിന്റെ മുലചപ്പി, ഇറ്റുന്ന
പാല്മണം മൊത്തുവാൻ വെമ്പുന്ന പൈതലെ.
നാം പ്രണയിക്കുക
ഒരുപടക്കത്തിന്റെയൊച്ചയിൽ പതറുന്ന
തായ്ക്കുലമാകെ മുട്ഞ്ഞ ബാല്യത്തിനെ.
നാം പ്രണയിക്കുക നഞ്ചുതിരിയാതെ
പാതിയിൽ ച്ചിതറും വ്യഥിത കൌമാരത്തെ
നാം പ്രണയിക്കുക കുറുക്കന്റെ വാക്കുകളിൽ
തങ്ങളിൽ മുട്ടി മരിക്കും യുവാക്കളെ.
നാം പ്രണയിക്കുക, ശരണാലയത്തിന്റെ-
മുറ്റത്തുകാണും വിളർത്ത തൃസന്ധ്യയെ.
നാം പ്രണയിക്കുക, കൂരിരുൾ ഭിത്തി-
തുരന്നു വരുന്ന വെളിച്ചക്കുരുന്നിനെ.
പ്രണയത്തിനായൊരു ദിവസം നമുക്കിന്ന്
പ്രണയിക്കുവാനെന്ത് ബാക്കിയാവുന്നത്?

എന്റെ മുല്ല

കൊച്ചരിപ്പല്ലുള്ള കുഞ്ഞുചിരിച്ചപോൽ
ഇന്നെന്റെ മുല്ല ചിരിച്ച കണ്ടോ!
മാനത്തെ താരങ്ങൾ താഴത്തു വീണപോൽ
ഇന്നെന്റെ മുല്ല ചിരിച്ചകണ്ടോ!
മുത്തശ്ശിക്കഥകേൾക്കും കുഞ്ഞിളംകണ്ണുപോൽ
ഇന്നെന്റെ മുല്ല ചിരിച്ചകണ്ടോ!
‘ഓമനത്തിങ്കൾ’കേട്ടാടും മനസ്സുപോൽ
ഇന്നെന്റെ മുല്ല ചിരിച്ചകണ്ടോ!
നാണത്താൽ കൂമ്പുന്ന പെണ്മുഖമെന്നപോൽ
ഇന്നെന്റെ മുല്ല ചിരിച്ചകണ്ടോ!
തെന്നൽ തലോടുന്ന പുൽത്തണ്ടിലീണം പോൽ
ഇന്നെന്റെ മുല്ല ചിരിച്ചകണ്ടോ!
തന്ത്രികൾ മീട്ടുന്ന നീൾവിരൽതുമ്പുപോൽ
ഇന്നെന്റെ മുല്ല ചിരിച്ചകണ്ടോ!
ഒപ്പനപ്പാട്ടിൽ തുടിക്കും മനം പോലെ
ഇന്നെന്റെ മുല്ല ചിരിച്ചകണ്ടോ!
എന്മൃദുസ്പർശത്തിൽ നീമൊട്ടിടുന്നപോൽ
ഇന്നെന്റെ മുല്ല ചിരിച്ചകണ്ടോ!