കൊട്ടും കൊടിയും തോരണങ്ങളുമായി ജില്ലാതല സ്കൂൾ കലാ(പ)മേളകൾക്ക് തിരശ്ശീല വീണിരിക്കുന്നു.ഏഷ്യയിലെ ഏറ്റവും വലിയ കലാ(പ)മാമാങ്കത്തിന് അടുത്ത ആഴ്ച കേരളത്തിന്റെ വാർത്താ തലസ്ഥാനത്ത് അരങ്ങുണരും.വലിച്ചാൽ വലിയുന്ന,വിട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുന്ന മലയാള മന:സാക്ഷി ആ കലാ(പ)മേളയുടെ വാർത്തകളിലും കാഴ്ചകളിലും തത്സമയസംപ്രേക്ഷണങ്ങളിലും മുങ്ങിപ്പൊങ്ങി പുളകംകൊള്ളും.
ഈ ഘട്ടത്തിലാണ് 2011 ജനുവരി 12 ലെ ഒരു പ്രമുഖ മലയാള ദിനപ്പത്രത്തിൽ വന്ന ലേഖകന്റെ പേര് വയ്ക്കാത്ത ഒരു വാർത്താവിശകലനം ശ്രദ്ധേയമാകുന്നത്.
കൊല്ലം റവന്യൂ ജില്ലാതല കലാ(പ)മേളയിലെ ചില സംഭവങ്ങളിലേയ്ക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഈ വാർത്ത.
ഇതു വായിച്ച് എന്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ പ്രതികരണം.
“ഒന്നാംസ്ഥാനം കിട്ടാത്തതിനു ഇവരെന്തിനാ ഇങ്ങനെ ബഹളം വയ്ക്കുന്നത്? അത് ഒരാൾക്കല്ലേ കിട്ടൂ!“
അവൾ തുടരുന്നു.
“ഞാൻ സ്കൂളിൽ നന്നായി കവിത ചൊല്ലി. പക്ഷേ കല്യാണി ചൊല്ലുന്നത് കേട്ടപ്പോൾ എനിയ്ക്ക് മനസ്സിലായല്ലോ അവൾ എന്നേക്കാൾ നന്നായാണ് ചൊല്ലുന്നതെന്ന്. അതിന് ഞാൻ ബഹളം വയ്ക്കണോ?”
ഈ തിരിച്ചറിവുപോലും ഇല്ലാത്തതാണോ പ്രബുദ്ധ സാക്ഷര സമൂഹം! ആയിരിക്കാൻ വഴിയില്ല എന്നുറപ്പ്. പിന്നെന്തേ? അവിടെയാണ് അരങ്ങുവിട്ട് അണിയറയിലെ ചില ‘റിയാലിറ്റി‘കൾ നാം കാണേണ്ടത്.
തന്റെ കുഞ്ഞിന് മത്സരിക്കുന്ന ഇനങ്ങളിൽ എ ഗ്രേഡ് നമ്മുടെ രക്ഷാകർത്താക്കൾക്ക് ഏകലക്ഷ്യമായി മാറാൻ എന്താണ് കാരണം?
വാർത്തയിൽ വായിച്ചില്ലേ!
എല്ലാവരുകൂടി ഇങ്ങനെ ബഹളംവച്ചാൽ എങ്ങനെ തർക്കം പരിഹരിക്കുമെന്ന് വിലപിച്ച ജില്ലാ വിദ്യാഭ്യാസ അധികാരിയോട് ഒരു രക്ഷാകർത്താവ് തട്ടിക്കയറിയത്രെ! “താനല്ലല്ലോ ഞാനല്ലേ കാശ് മുടക്കിയത്!“
അപ്പോൾ മുടക്കുമുതൽ ലാഭസഹിതം തിരിച്ചുപിടിക്കാനാവാതെ കച്ചവടത്തിൽ നഷ്ടംവന്നതിലെ നിരാശയാണ് ഈ അമർഷത്തിന് അടിസ്ഥാന കാരണം.
എന്തായിരുന്നു പ്രതീക്ഷിത ലാഭം?
ഗ്രേസ്സ് മാർക്ക് ആവാൻ വഴിയില്ല.കാരണം മുപ്പത് മാർക്ക് ഗ്രേസ് ആയി നേടാൻ നിരവധി മാർഗ്ഗങ്ങൾ വേറെയുണ്ട്.ജൂനിയർ റെഡ്ക്രോസ്,ഭാരത് സ്കൌട്ട്സ് ആന്റ് ഗൈഡ്സ്,എൻ. സി. സി. അങ്ങനെ പലതും.
പിന്നെയോ!മാധ്യമങ്ങൾ വഴി കിട്ടുവാനിടയുള്ള ‘ഗ്ലാമർ’തന്നെയായിരിക്കണം കാരണം. സസ്ഥാനതലത്തിൽ പല ഇനങ്ങളിലും മുൻ വർഷങ്ങളിൽ മത്സരിച്ച എല്ലാവർക്കും എ ഗ്രേഡ് നൽകിക്കൊണ്ട്, അധികാരികൾ ഇതിന് അറിയാതെയെങ്കിലും ആക്കംകൂട്ടി.
സംസ്ഥനതലത്തിൽ പങ്കെടുത്താൽ എ ഗ്രേഡ് കിട്ടുമെങ്കിൽ എങ്ങനെയെങ്കിലും അവിടെ പങ്കെടുത്താൽ മതില്ലോ!ഫലമോ!നാൽപ്പത് ഇനങ്ങളിൽ മത്സരം സമാപിച്ചപ്പോൾ അപ്പീലുകളുടെ എണ്ണം നാനൂറ്.ഒരു ജില്ലയിൽ പതിനൊന്നോ പന്ത്രണ്ടോ സബ്ജില്ലകളാണുള്ളത് എന്നോർക്കണം.ചുരുക്കത്തിൽ മത്സരാർത്ഥികൾ മുഴുവൻ അപ്പീൽ നൽകി എന്ന് അർത്ഥം. അങ്ങനെ കലാ(പ)മേള അപ്പിൽമേളയായി മാറി.
അപ്പൊ,മാഷേ!ഒരു സംശയം.ജില്ലാ കലാ(പ)മേളകളിൽ ഉന്നയിക്കപ്പെടുന്ന എല്ലാ അപ്പീലുകളും അനുവദിച്ചു കിട്ടുമോ?
മുൻ വർഷം ഒരുജില്ലയിലെ അപ്പീൽ പരിശോധിക്കുന്ന വിദഗ്ദ്ധ സമിതിയ്ക്ക് അധികാരികൾ നൽകിയ രഹസ്യ നിർദ്ദേശം ഇങ്ങനെ.
“വലിയ കുഴപ്പങ്ങളില്ലെങ്കിൽ അനുവദിച്ചു കൊടുത്തേക്കൂ. നമ്മളായിട്ട് വെറുതേ പ്രശ്നം വഷളാക്കണ്ടല്ലോ.”
അതായത് ഉന്നയിക്കപ്പെട്ട അപ്പീലുകളെല്ലാം അനുവദിച്ച് ഈ ഉദാരവൽക്കരണകാലത്ത് നമുക്ക് അത്യുദാരരാകാം എന്ന് ചുരുക്കം! യാതൊരു സാധ്യതയുമില്ലാത്ത അപ്പീൽ അനുവദിച്ചുനൽകിയ ഉദാരതയ്ക്ക് ഒറ്റ്യ്ക്കോ കൂട്ടായോ പ്രതിഫലപ്പിരിവ് യഥേഷ്ടം ആകാമെന്നത് വാൽക്കഷണം. സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം എ ഗ്രേഡ് നൽകി വിധിനിർണ്ണയത്തിന്മേലുള്ള തർക്കങ്ങൾ ഒഴിവാക്കാം എന്ന ‘ശാസ്ത്രീയ’ ഫോർമുലകൂടി ഉള്ളപ്പോൾ അവിടെയും സുഖം! ഇവിടെയും സുഖം!
സംസ്ഥാന കലാ(പ)മേളയിൽ ഇന്ന ഇനത്തിന് സമ്മാനം നേടിയ ഇന്നയാളുടെ മകൻ ഇന്നയാൾ എന്ന് വാർത്താപത്രത്തിലെ പ്രാദേശിക പേജിൽ ചിത്രത്തിന് അടിക്കുറിപ്പ് വരുമ്പോൾ സ്വന്തം കിടാവിനു വേണ്ടി മത്സരിച്ച് ജയിച്ച തന്തക്കും തള്ളക്കും പരമസുഖം. ശേഷിപോലെ ആവുമെങ്കിൽ പത്രത്തിന്റെ പ്രാദേശിക ലേഖകനെ സ്വാധീനിച്ച്, പൈതലിന് കലയുടെ മാമൂട്ടാൻ തങ്ങൾ സഹിച്ച ത്യാഗത്തിന്റെ പെട്ടിക്കുള്ളിൽ പ്രത്യേകനിറത്തിലെ വാർത്തകൂടിയാകുമ്പോൾ നാടകം സമ്പൂർണ്ണം.
കലാ(പ)മേള പൊടി പൊടിച്ചുകൊണ്ടിരിക്കെ ഈയുള്ളവന്റെ സെൽഫോൺ ചിലച്ചു. കലാപരിശീലകനായ ഒരു പരിചയക്കാരനാണ് അങ്ങേത്തലയ്ക്കൽ.
“സർ, ജില്ലാകലാമേളയിൽ ആർക്കാണ് അപ്പീൽ കൊടുക്കേണ്ടത്?”
“ജില്ലാതലത്തിൽ അപ്പീൽ കമ്മറ്റി ഉണ്ടല്ലോ?”
“അവർ തള്ളിയാലോ?”
“പിന്നെ നിവർത്തിയില്ല.”
“ലോകായുക്ത, കളക്ടർ, കോടതി അങ്ങനെ?”
“കലോത്സവ നിയമാവലിയിൽ അപ്പീൽ കമ്മിറ്റിയെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ.”
“ആരൊക്കെയാണ് കമ്മറ്റി അംഗങ്ങൾ?”
“അറിയില്ല. എന്തായാലും വിവിധ കലാ മേഖലകളിലെ വിദഗ്ദ്ധർ അടങ്ങിയ ഒൻപതംഗ സമിതിയായിരിക്കും.”
“ഏതിനത്തിലാണ് പ്രശ്നം?”
“മോണോആക്ട്.”
‘മോണോആക്ട് മത്സരം നാളെയല്ലേ?”
“അതെ. ഞാൻ പഠിപ്പിച്ച കുട്ടി അത്ര പോര. എങ്ങനെയെങ്കിലും സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കണം.”
“എന്തിനാ ഇത്ര ബുദ്ധിമുട്ടി സംസ്ഥാനതലത്തിലേയ്ക്ക് കൊണ്ടുപോകുന്നത്!“
“ഈ വർഷം ഈ കുട്ടി സംസ്ഥാനതലത്തിൽ പങ്കെടുത്താൽ അടുത്ത വർഷത്തേക്ക് ആ സ്കൂളിലെ മോണോആക്ട്, നാടകം ക്വട്ടേഷൻ മൊത്തമിങ്ങ് പോരും. എനിക്ക് കുറച്ച് ചിക്കിളി തടയുന്ന കേസാ.”
ദീപസ്തംഭം മഹാശ്ചര്യം! നമുക്കും കിട്ടണം അപ്പീൽ!!!!!!!!!!!!!!!!!